വയനാട് : മ്യൂൾ അക്കൗണ്ടിൻ്റെ പേരില്‍ രാജ്യവ്യാപക സൈബർ തട്ടിപ്പുനടത്തുന്നവരുടെ കെണിയിൽ കുടുങ്ങി വയനാട്ടിലെ 500ഓളം യുവാക്കൾ. പണത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന ഏർപ്പാടാണ് മ്യൂൾ അക്കൗണ്ട്. ഇങ്ങനെ സ്വന്തം അക്കൗണ്ട് വാടകക്ക് നൽകിയവരാണ് കുരുക്കിലായത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള തട്ടിപ്പുകാർ വയനാട്ടുകാരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്ക് എടുക്കുകയും നിയമവിരുദ്ധ ഇടപാടുകളും മറ്റും നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു
5000 മുതൽ 10000 രൂപ വരെ നൽകി അക്കൗണ്ട് വാടകക്ക് എടുക്കുന്ന സംഘം ഇതരസംസ്ഥാനത്തെ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇവ ഉപയോഗിക്കുന്നു. തട്ടിയെടുക്കുന്ന തുക ഈ അക്കൗണ്ടിലേക്കാണ് എത്തുക. ഇതരസംസ്ഥാനങ്ങളിൽ രജിസ്‌ട്രർ ചെയ്യുന്ന പല കേസുകളിലും തട്ടിപ്പിനുപയോഗിച്ച അക്കൗണ്ടുകൾ വയനാട് ജില്ലയിലെയാണ്. സമാനമായ സംഭവത്തിൽ കണിയാമ്പറ്റ സ്വദേശി ഇസ്‌മയിലി(26)നെ നാഗാലാൻഡ് കൊഹിമ പോലീസ് കഴിഞ്ഞ ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്‌തു. ഇസ്‌മയിലിന്റെ അക്കൗണ്ട് ഉപയോഗിച്ച് നാഗാലാൻഡ് സ്വദേശിയുടെ 12.68 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നാഗാലാൻഡ് പോലീസ് എത്തിയപ്പോഴാണ് ഇസ്‌മയിലും കുടുബവും ചതി മനസ്സിലാക്കുന്നത്. സമാനമായ കേസിൽ മറ്റൊരു യുവാവായ മുഹമ്മദ് ഫാനിഷിന് ഡെറാഡൂൺ പോലീസ് നോട്ടീസ് നൽകുകയും ചെയ്‌തു.
അക്കൗണ്ടുകൾ വാങ്ങാൻ ഇടനിലക്കാർ സജീവമാണെന്ന് കമ്പളക്കാട് സ്വദേശിയായ യുവാവും വെളിപ്പെടുത്തിയിരുന്നു. ആദ്യം വിദ്യാർത്ഥികളുമായി ചങ്ങാത്തത്തിലാവും. തുടർന്ന്, ബിസിനസാണെന്നും ലാഭം തരാമെന്നും ട്രേഡിങ് കമ്പനിയിൽ ഓൺലൈൻ ജോലി നൽകാമെന്നുമടക്കം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് തുറപ്പിക്കും. തുടർന്ന്, എടിഎം, പുതിയ സിം കാർഡ് എന്നിവ സംഘം കൈക്കലാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പോലീസ് അന്വേഷിച്ചെത്തുമ്പോൾ മാത്രമാണ് തങ്ങൾ തട്ടിപ്പിൽ കുടുങ്ങിയ കാര്യം അറിയുക. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ആരംഭിച്ചതോടെ കേസിലുൾപ്പെട്ട ബാങ്ക് അക്കൗണ്ട് പിന്നീട് ഉപയോഗിക്കാനാകില്ല. ഇതോടെയാണ് തട്ടിപ്പുകാർ പണം ഓഫർ ചെയ്ത് വൻതോതിൽ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ശേഖരിച്ചു തുടങ്ങിയത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അക്കൗണ്ട് ചോദിച്ച് പണം നൽകാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പു നൽകുന്നു. അയൽ ജില്ലകളായ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.