പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പത്രിക സൂക്ഷ്മ പരിശോധനയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മര്‍ഹൗര മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
രേഖകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സീമയുടേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അല്‍താഫ് രാജുവിന്റേയും ബിഎസ്പിയുടെ ആദിത്യ കുമാറിന്റേയും പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളി. സീമയുടെ പത്രിക തള്ളിയതോടെ മത്സരം ആര്‍ജെഡിയുടെ ജിതേന്ദ്ര റായ്‌യും ജാന്‍ സുരജിന്റെ അഭയ് സിങും തമ്മിലാണ് മര്‍ഹൗരയില്‍ പോരാട്ടമെന്ന് ഉറപ്പായി.
എന്‍ഡിഎയുടെ സീറ്റ് വീതംവെയ്പ്പില്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്. ഇതിലൊന്ന് തള്ളപ്പെട്ടത് എല്‍ജെപിക്ക് കനത്ത തിരിച്ചടിയാണ്. ഭോജ്പുരി സിനിമകളിലൂടെ ബീഹാറില്‍ വളരെ പ്രശസ്തയായ സീമാ സിങിന് ജയസാദ്ധ്യത കണക്കിലെടുത്താണ് എല്‍ജെപി സീറ്റ് അനുവദിച്ചത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് സീമയുടെ പത്രിക തള്ളിപ്പോയതെന്നറിയുന്നു. 35 വയസുകാരിയായ സീമ 2023ലാണ് എല്‍ജെപിയില്‍ ചേർന്നത്.