ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷകക്ഷിയോഗത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാനുള്ള തീരുമാനം. പ്രാരംഭചര്‍ച്ചകളാണ് നടന്നിട്ടുള്ളത്.
ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് ഇംപീച്ച് ചെയ്യാനുള്ള ചർച്ചകൾ നടന്നത്. തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.
എന്നാല്‍ ഇംപീച്ച്‌മെന്റ് നടപടിയ്ക്കായി ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. പ്രമേയം പാസാകാന്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ അത്രയും അംഗങ്ങള്‍ ഇന്ത്യ സഖ്യത്തിനില്ലാത്തത് പ്രതികൂലമായി മാറാനാണ്
സാദ്ധ്യത.
രാജ്യത്ത് തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആരോപിച്ച് ഈ മാസം ആദ്യമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി രംഗത്തെത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്നതിൻ്റെ തെളിവുകളാണ് രാഹുല്‍ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. വ്യാജവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടര്‍പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും രാഹുൽ പുറത്ത് വിട്ടിരുന്നു.
ഇതിനെ തുടർന്നാണ് ‘വോട്ടുകവര്‍ച്ച’ ആരോപണമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് 1300 കിലോമീറ്റര്‍ ‘വോട്ടര്‍ അധികാര്‍’ യാത്രയ്ക്കും ഞായറാഴ്ച ബീഹാറിലെ സസാറാമില്‍ തുടക്കമിട്ടത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്നാണ് രാഹുൽ വ്യക്തമാക്കിയത്. ഒരു കാരണവശാലും ബീഹാറിൽ വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ ‘വോട്ടര്‍ അധികാര്‍’ യാത്ര.