കാഠ്മാണ്ഡു : ജെൻ-സി പ്രതിഷേധങ്ങളുടെ അലിയൊലിയൊടുങ്ങിയ നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. മാർച്ച് 5 ന് ആണ് തെരഞ്ഞെടുപ്പ്. നാല് മുൻ പ്രധാനമന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയർമാനും സ്ഥാനഭ്രഷ്ടനായ പ്രധാനമന്ത്രിയുമായ കെ പി ശർമ്മ ഒലി ഝാപ -5 ൽ നിന്ന് മത്സരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) സ്ഥാനാർത്ഥിയായ മുൻ പ്രധാനമന്ത്രി പുഷ്പകമാൽ ദഹൽ പ്രചണ്ഡരും ഈസ്റ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
മറ്റ് രണ്ട് മുൻ പ്രധാനമന്ത്രിമാരായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മാധവ് കുമാർ നേപ്പാളും പ്രഗതിശീൽ ലോകതന്ത്രിക് പാർട്ടിയെ പ്രതിനിധീകരിക്കുന്ന ബാബുറാം ഭട്ടറായിയും യഥാക്രമം റൗതഹട്ട് -1, ഗൂർഖ -2 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാകും.
യുവാക്കളുടെ നേതൃത്വത്തിലുള്ള ജെൻ-സി ഗ്രൂപ്പിന്റെ അക്രമാസക്തമായ പ്രതിഷേധത്തിന് പിന്നാലെ സെപ്റ്റംബർ 9 ന് ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് അനിവാര്യമായത്. എന്നാൽ, പഴയ നേതൃത്വത്തിൽ നിന്ന് ജനറൽ ഇസഡ് യുവാക്കൾ ഒരു മാറ്റം ആഗ്രഹിച്ചാണ് പ്രതിഷേധത്തിന് മുതിർന്നതെങ്കിലും 70 വയസ്സിനു മുകളിലുള്ള നാല് മുൻ പ്രധാനമന്ത്രിമാർ മത്സരരംഗത്ത് വീണ്ടും ഉണ്ടെന്നത് കൗതുകം. ഒലിക്ക് 74 വയസ്സും പ്രചണ്ഡ, ഭട്ടതിരി എന്നിവർക്ക് 71 വയസ്സും മാധവ് കുമാർ നേപ്പാൾ 72 ഉം ആണ് പ്രായം.
മത്സര രംഗത്തു നിന്ന് വിട്ടു നിന്ന രണ്ട് മുൻ പ്രധാനമന്ത്രിമാരിൽ ഒരാളായ ഖനാൽ സ്വമേധയാ എടുത്ത തീരുമാനമാണെങ്കിൽ, ഡ്യൂബ സ്വന്തം പാർട്ടിയിലെ യുവനേതാക്കളുടെ കലാപം കാരണം മോഹം പൊലിക്കേണ്ടി വന്ന നേതാവാണ്. ദാദൽദുര നിയോജകമണ്ഡലത്തിൽ നിന്ന് എട്ടാം തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡ്യൂബ ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഗഗൻ താപ്പ, ജനറൽ ഇസഡിന്റെ വികാരങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ഡ്യൂബയെ പ്രേരിപ്പിയ്ക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മുൻ പ്രധാനമന്ത്രിമാർക്ക് പുറമെ മൂന്ന് മേയർമാരും സ്ഥാനങ്ങൾ രാജിവെച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നുണ്ട്. കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയുടെ മുൻ മേയറായിരുന്ന ബാലേന്ദ്ര ഷാ എന്ന ‘ബാലെൻ’ ആണ് ഇവരിൽ പ്രമുഖൻ. കിഴക്കൻ നേപ്പാളിലെ ഝാപ -5 മണ്ഡലത്തിൽ നിന്ന് കെ പി ശർമ്മ ഒലിയ്ക്കെതിരെയാവും ഇദ്ദേഹം മത്സരിക്കുക. ധരൻ സബ്-മെട്രോപൊളിറ്റൻ സിറ്റിയുടെ മേയർ ഹർക്ക സാംപാങ്, സൺസാരി -1 ലാണ് മത്സരാർത്ഥിയാകുന്നത്. ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റി മേയറായിരുന്ന പ്രചണ്ഡയുടെ മകൾ രേണു ദഹൽ, ചിതാവാൻ -3 നിയോജകമണ്ഡലത്തിലാണ് സ്ഥാനാർത്ഥിയാകും.
