തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവ്വെ പുറത്തുവിട്ട് ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. ചൊവ്വാഴ്ച രാവിലെ ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ലീഡ് നില സംബന്ധിച്ച പ്രീ പോൾ സർവ്വെ ശ്രീലേഖ പുറത്തുവിട്ടത്. കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് ശ്രീലേഖ
പ്രീ പോൾ സർവ്വെ പുറത്തുവിട്ടതിനു പിന്നാലെ ശ്രീലേഖയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രേഖാമൂലമാണ് മുരളീധരൻ പരാതി നൽകിയത്.
മുരളീധരന്റെ പരാതിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സൈബർ പോലീസിനെ സമീപിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ശ്രീലേഖ നടത്തിയതെന്നും തെരഞ്ഞെടുപ്പ് ദിവസം പ്രീ പോൾ സർവ്വെ പങ്കുവെയ്ക്കാൻ പാടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേസമയം മറ്റൊരു ഏജൻസിയാണ് പ്രീപോൾ സർവ്വെ നടത്തിയതെന്നും അത് പങ്കുവയ്ക്കുന്നതിൽ എന്താണ് തെറ്റെന്നുമാണ് ശ്രീലേഖയുടെ ചോദ്യം.
