ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപിക്ക് വേണ്ടി ഒത്തുകളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്സൈറ്റ് ആരംഭിച്ചു. ‘വോട്ട് ചോരി’ (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്സൈറ്റ്. ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽഗാന്ധി എക്സിൽ കുറിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് ശുദ്ധമായ വോട്ടർ പട്ടിക അനിവാര്യമാണ്. പ്രവർത്തനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടാനും രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വെബ്സൈറ്റിലൂടെ പിന്തുണ നൽകാൻ രാഹുൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടം.
വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവയ്ക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. കോൺഗ്രസ് ക്യാംപയിനിൽ റജിസ്റ്റർ ചെയ്യാനുള്ള മൊബൈൽ നമ്പരും rahulgandhi.in/awaazbharatki/votechori എന്ന വിലാസത്തിൽ നൽകിയിട്ടുണ്ട്.
ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളിച്ചെന്ന് ആരോപിച്ച രാഹുൽ തെളിവുകൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്നായിരുന്നു രാഹുൽ പറഞ്ഞത്. വോട്ട് കൊള്ളയിലൂടെ 33,000 വോട്ടുകൾക്ക് താഴെ ബിജെപി ജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും ഇതില്ലായിരുന്നെങ്കിൽ മോദിക്ക് ഭരണം നഷ്ടപ്പെടുമായിരുന്നെന്നും രാഹുൽ ചൂണ്ടിക്കാണിച്ചിരുന്നു.