( Photo Courtesy : X)
കാഠ്മണ്ഡു : ഇരുപതോളം യുവാക്കൾ ജീവൻ ബലികഴിച്ച ജെൻ സി പ്രതിഷേധത്തിന് മുന്നിൽ പത്തിമടക്കി നേപ്പാൾ സർക്കാർ. യുവാക്കളുടെ പ്രതിഷേധം അതിശക്തമായതോടെയാണ് സാമൂഹിക മാധ്യമ നിരോധനം പിൻവലിക്കാനുള്ള സർക്കാർ തീരുമാനം വന്നത്. കെ.പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രാജ്യത്ത് ആയിരക്കണക്കിന് യുവാക്കളാണ് പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയത്.
പൊലീസ് വെടിവെപ്പിൽ മരിച്ച 20 പ്രതിഷേധക്കാർക്ക് പുറമെ 250-ൽ അധികം പേർക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവെച്ചിരുന്നു. സർക്കാരിനുള്ള പിന്തുണ നേപ്പാളി കോൺഗ്രസ് പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പിൻവലിക്കൽ തീരുമാനിച്ചതെന്ന് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. ബ്ലോക്ക് ചെയ്ത 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് പുനഃസ്ഥാപിക്കാൻ ഇൻഫർമേഷൻ മന്ത്രാലയം ഏജൻസികൾക്ക് നിർദ്ദേശം നൽകി. തീരുമാനത്തെത്തുടർന്ന് പ്രതിഷേധക്കാർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ഗുരുങ് അഭ്യർത്ഥിച്ചു.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം 26 സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളാണ് സർക്കാർ നിരോധിച്ചിരുന്നത്. ഓൺലൈനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ, മധ്യ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും പാർലമെന്റിന് പുറത്ത് ബഹുജന പ്രക്ഷോഭമായി വളരുകയായിരുന്നു.
നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നായിരുന്നു സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകി. എന്നാൽ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റ്, വാട്ട്സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും രജിസ്റ്റർ ചെയ്തില്ല. ഇതോടെയാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.