ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ദേശീയ അവാർഡുകളിൽ മലയാള സിനിമയ്ക്കുമുണ്ട് ഏറെ അഭിമാന നേട്ടം
റാണി മുഖർജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയമാണ് റാണി മുഖർജിക്ക് നേട്ടമായത്. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയം വിക്രാന്ത് മാസ്സിയേയും മികച്ച നടനെന്ന നേട്ടത്തിന് അർഹനാക്കി.

മലയാളത്തിന് അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സഹനടനും നടിക്കുമുള്ള പുരസ്കാരങ്ങൾ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉർവശിയും നേടി. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അവാർഡ്. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയമാണ് വിജയരാഘവനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകന്‍.
മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി അർഹനായി. മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസിനാണ് (2018). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ എം.കെ രാംദാസ് സംവിധാനം ചെയ്ത നേകൽ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.
ദ കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്. ആനിമലിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. മികച്ച ചിത്രം ഭഗവന്ത് കേസരി. മികച്ച തമിഴ് ചിത്രം പാർക്കിങ്. മികച്ച ഓഡിയ ചിത്രം പുഷ്‌കര. മികച്ച മറാത്തി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്യാംചി ആയ് നേടി.
കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി സഞ്ജയ് ജാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെള്ളിയാഴ്ച ജൂറി അവാർഡ് ജേതാക്കളുടെ പട്ടിക കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി സമർപ്പിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക തത്സമയ സ്ട്രീമിലൂടെ അവാർഡ് ദാന ചടങ്ങ് പൊതുജനങ്ങൾക്ക് കാണാൻ കഴിയും.
