കൊച്ചി : കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുന്നതിലെ കേന്ദ്രസർക്കാർ വിവേചനം ചർച്ച ചെയ്യാതിരിക്കാനുള്ള തന്ത്രമാണ് സുരേഷ് ഗോപി സൃഷ്ടിക്കുന്ന പുതിയ വിവാദങ്ങളെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്ര സംഘം പരിശോധന നടത്തുകയും, സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് കേന്ദ്രത്തിന്റെ ആവശ്യപ്രകാരം കോഴിക്കോടുള്ള കിനാലൂർ എന്ന സ്ഥലം സംസ്ഥാന സർക്കാർ അന്തിമമായി നിർദ്ദേശിച്ചു.
ആവശ്യമായ ഭൂമി വ്യവസായ വകുപ്പിൽ നിന്ന് ആരോഗ്യ വകുപ്പിന് കൈമാറുകയും, 50 ഏക്കർ അധികമായി ഏറ്റെടുത്ത് കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഇത്രയും നടപടികൾ പൂർത്തിയാക്കിയിട്ടും, സംസ്ഥാനം സമർപ്പിച്ച നിർദ്ദേശം അനുയോജ്യമല്ലെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് പി രാജീവ് പറഞ്ഞു.
പകരം, ഒരു കേന്ദ്രമന്ത്രി ഒരിടത്തും, അദ്ദേഹത്തിന്‍റെ പാർട്ടി നേതാവ് മറ്റൊരിടത്തും എയിംസ് സ്ഥാപിക്കുന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയാണ്. സംസ്ഥാനം വ്യക്തമായ നിർദ്ദേശം സമർപ്പിച്ചിട്ടും കേരളത്തിന് എയിംസ് അനുവദിക്കാതെ അവഗണിക്കുകയാണ്. കേരളത്തോടുള്ള ഈ വിവേചനം ചർച്ചയാകുമ്പോൾ, ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് സുരേഷ് ഗോപി നടത്തുന്നതെന്നും മന്ത്രി പി രാജീവ് ആരോപിച്ചു.
കൂടാതെ, ശബരിമലയെ സംബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമാണെന്നും മന്ത്രി വിമർശിച്ചു. ശബരിമലയുടെ പ്രാധാന്യം തിരിച്ചറിയുന്ന എല്ലാ വിഭാഗം ആളുകളും യോജിപ്പോടെ നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതികരണങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
