തിരുവനന്തപുരം : വിരമിക്കുന്നതിനു തൊട്ടുമുന്‍പ് മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് നൽകിയ റിപ്പോര്‍ട്ടിന് പിന്നാലെ തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി
ആഭ്യന്തര സെക്രട്ടറിയും. വിഷയത്തില്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ട് ശരിവെച്ചാണ് ആഭ്യന്തര സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തത്.
പൂരം കലങ്ങിയ സമയത്ത് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ തയ്യാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കുറ്റപ്പെടുത്തുന്നു. എന്നാല്‍ രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണ് മന്ത്രി വിളിച്ചപ്പോള്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അജിത്കുമാർ നൽകിയ മറുപടി. എഡിജിപിക്കെതിരെ റവന്യൂ മന്ത്രി കെ.രാജന്‍ നല്‍കിയ മൊഴികൂടി പരിഗണിച്ചാണ് മുന്‍ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.