തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ സ്ത്രീ മരിച്ചു. പതിനൊന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്. മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ഇക്കാര്യത്തിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.
വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികൾക്കും കോഴിക്കോട് തിരുവാങ്ങൂർ, കൊളത്തൂർ എന്നിവിടങ്ങളിലുംആലപ്പുഴയിലെ തണ്ണീർമുക്കത്തും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
