കൊച്ചി : മരടിൽ പൊളിച്ചു നീക്കിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ മാതൃകയിൽ കൊച്ചിയില്‍ മറ്റൊരു ഫ്ലാറ്റ് കൂടി പൊളിച്ചു നീക്കാനൊരുങ്ങുന്നു. കൊച്ചി വൈറ്റിലയിലെ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിർമ്മിച്ച ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊളിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികൾ ജില്ലാ ഭരണകൂടം തുടങ്ങി.
നിര്‍മ്മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയതാണ് ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയം പൊളിച്ച് നീക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തു. ഫ്ളാറ്റ് പൊളിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ പത്തു ദിവസത്തിനകം തുടങ്ങും. നാല് മാസത്തിനകം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനാണ് തീരുമാനം. മരട് മാതൃകയിലാവും ഫ്ളാറ്റ് പൊളിക്കല്‍ നടക്കുക. ഇതിനായുളള കമ്പനികളെ കണ്ടെത്താനുളള ടെന്‍ഡര്‍ നടപടികൾ അടുത്ത പത്തു ദിവസത്തിനകം നടക്കും.
മൂന്ന് ഫ്ളാറ്റുകളിലെ താമസക്കാരൊഴികെ മറ്റെല്ലാ കുടുംബങ്ങളും ചന്ദര്‍കുഞ്ജില്‍ നിന്ന് ഒഴിഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ ഫ്ളാറ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ പ്രതിമാസം 35,000 രൂപ വാടക തുക നല്‍കാനും ധാരണയായി. നടപടികളെല്ലാം പൂർത്തിയാക്കി ഫെബ്രുവരിയോടെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്ന് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നു.
