പാലക്കാട്: ഷാഫി പറമ്പിൽ എംപിയ്ക്കെതിരേ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
ഇ എൻ സുരേഷ് ബാബു. നല്ലൊരാളെ കണ്ടാൽ ബെംഗളൂരു ട്രിപ്പ് അടിക്കാമോ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ‘ഹെഡ്മാസ്റ്റർ’ ആയ ആൾ ചോദിക്കുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.
രാഹുലിനെ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചു കൊണ്ടുവന്ന ഷാഫി പറമ്പിലാണ് ഇയാളുടെ ഹെഡ്മാഷ്. ഷാഫി പമ്പിലിനെ ഞാൻ വെല്ലുവിളിക്കുന്നു, രാഹുൽ ചെയ്തത് ഒര തരത്തിലും അംഗീകരിക്കുന്നില്ലെന്നും അയാളെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പുറമെ ശക്തമായ നടപടി വേണമെന്നും രാജിവെക്കണമെന്നും പറയാൻ ഷാഫി പറമ്പിൽ തയ്യാറാകുമോയെന്ന് സുരേഷ് ബാബു ചോദിച്ചു. ‘ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ് നടക്കുന്നത്.
ആരെയെങ്കിലും നേരിട്ട് നന്നായൊന്ന് കണ്ടാൽ, ‘ബെംഗളൂരു ട്രിപ്പ് അടിക്കാം’ എന്നാണ് ഹെഡ്മാസ്റ്റർ ചോദിക്കുന്നത്. അപ്പോ പിന്നെ രാഹുലിനെതിരേ എന്തെങ്കിലും സംസാരിക്കുമോ? ഹെഡ്മാസ്റ്ററിനും മുകളിലുള്ളവരാണ് ബാക്കിയുള്ളവർ. അതുകൊണ്ടാണ് രാഹുലിനെതിരേ ഷാഫി സംസാരിക്കാത്തതെന്നും ഇഎൻ സുരേഷ് ബാബു ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയപ്പോൾ സംരക്ഷണവലയം ഒരുക്കിയത് കോൺഗ്രസ് നേതാക്കളാണ്. രാഹുലിന് സാധാരണ കാണാത്ത ആവേശകരമായ സ്വീകരണം കൊടുക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കി എന്ന് പേരിന് പറയുകയും പിറകിൽ കൂടി എല്ലാവിധ സംരക്ഷണവലയും തീർക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിപിഎം വ്യാപകമായ പ്രതിഷേധം തുടരും. വനിതകളുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
വനിതകളെ ഇത്രത്തോളം അതിക്രൂരമായി ലൈംഗികാതിക്രമം നടത്തിയ ഒരാൾക്ക് എങ്ങനെയാണ് മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുക? കോൺഗ്രസുകാരന്റെ വീട്ടിലേക്ക് ഇയാളെ ക്ഷണിക്കുമോ?, സുരേഷ് ബാബു ചോദിച്ചു.
രാഹുലിനെ വി.ഡി. സതീശൻ പുറത്താക്കി എന്ന് പറയുന്നതിന് മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. അത് പിന്നീട് വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽ കേറികൊത്തി എന്നാണ് കേൾക്കുന്നത്. അത് വഴിയെ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.