തിരുവനന്തപുരം : സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ.
എൻഎസ്എസ്സുമായി സഹകരിച്ചുപോകണമെന്ന് എസ്എൻഡിപി ആഗ്രഹിക്കുന്നുണ്ട്. എൻഎസ്എസ്സിനും അതിന് താത്പര്യമുണ്ട്. കാരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എൻഎസ്എസ് നേതൃത്വം അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. – സുകുമാരൻ നായർ പറഞ്ഞു.
ഒരു രാഷ്ട്രീയപാർട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ല. ഒരു മാധ്യമം പറഞ്ഞു, രമേശ് ചെന്നിത്തല ആണ് ഇതിന്റെ പിന്നിലെന്ന്. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരമാണ്. ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല. അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിയ്ക്കുകയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
കോൺഗ്രസിന്റെ നയപരമായ വിഷയങ്ങൾ അഭിമുഖീകരിക്കാൻ സതീശന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ അഭിപ്രായവും പറയുന്നു. അദ്ദേഹമല്ലെ ശത്രുക്കളെ ഉണ്ടാക്കുന്നത്. ഇവിടെ വന്ന് വോട്ട് ചോദിച്ചശേഷം സമുദായങ്ങളുടെ തിണ്ണ നിരങ്ങരുതെന്ന് പറയാൻ സതീശന് യോഗ്യതയില്ല.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ ഞങ്ങൾക്കെന്ത് കിട്ടാനാ. അവരാരും യോഗ്യരല്ല. വരാൻ പോകുന്നത് കണ്ടോ. – സുകുമാരൻ നായർ പറഞ്ഞു.
