പാറ്റ്ന : ബിഹാറിൽ സ്ത്രീ വോട്ടർമാരെ ആകർഷിക്കാനായി
രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രം പാളി. ‘പാഡ്മാൻ’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കോൺഗ്രസ് പദ്ധതി വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് നൽകാനായി തയ്യാറാക്കിയ സാനിറ്ററി പാഡ് ബോക്സുകളിൽ രാഹുൽ ഗാന്ധിയുടെ ചിത്രം നൽകിയതാണ് വിവാദത്തിന് വഴിവെച്ചത്. പ്രിയദർശിനി ഉദാൻ യോജന എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തോടൊപ്പം രാഹുൽ ഗാന്ധിയുടെ ഫോട്ടോയും സാനിറ്ററി പാഡ് പെട്ടികളിൽ ഉൾപ്പെടുത്തിയാണ് തന്ത്രമൊരുക്കിയത്. സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോൺഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.
“രാഹുൽ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡിൽ പതിപ്പിച്ച ബീഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം! കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണ്! ബീഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും ഒരു പാഠം പഠിപ്പിക്കും,” ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക പങ്ക് സ്ത്രീകളുടെതായിരിക്കും എന്ന കണക്കുകൂട്ടലാണ് മിക്ക രാഷ്ട്രീയ പാർട്ടികളും ബിഹാറിൽ വെച്ച് പുലർത്തുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളെ ആകർഷിക്കാനുള്ള വാഗ്ദാനങ്ങളുമായാണ് പാർട്ടികൾ വോട്ടർമാരെ സമീപിക്കുന്നത്. അധികാരത്തിലെത്തിയാൽ ‘ മായ് ബെഹൻ മാൻ യോജന ‘ പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 2,500 രൂപ പണമായി കൈമാറുമെന്നാണ് പ്രതിപക്ഷ മഹാഗത്ബന്ധൻ്റെ വാഗ്ദാനം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാറാകട്ടെ, ‘ മഹിള സംവാദ് ‘ എന്ന പരിപാടിയാണ മുന്നോട്ടുവെച്ചിട്ടുള്ളത്. രണ്ട് കോടി സ്ത്രീകളുമായി സംവദിക്കാനായി ഗ്രാമം മുതൽ ഗ്രാമം വരെയുള്ള ആശയവിനിമയ പരിപാടി വിജയം കാണുമെന്നാണ് സർക്കാർ പ്രതീക്ഷ.