തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിംലീഗിൽ ചേർന്നു. മതനിരപേക്ഷതയില്ല സിപിഎമ്മിനുള്ളിലെന്ന വിമർശനമുന്നയിച്ചാണ് സുജ 30 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് സുജ മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചു.
മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജ ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. ജനാധിപത്യമഹിളാ അസോസിയേഷൻ മുൻ കൊല്ലം ജില്ല സെക്രട്ടറി,സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
മുസ്ലീം ലീഗ് ഇത്തവണ മുസ്ലീം അല്ലാത്ത വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും എന്ന സൂചനയുള്ളതിനാൽ സുജ ചന്ദ്രബാബു കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുണ്ട്.
തെക്കൻ ജില്ലകളിൽ കുറഞ്ഞത് രണ്ട് സീറ്റ് എന്നതും പാർട്ടിയുടെ ആവശ്യമാണെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കാം. മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ആകെ രണ്ട് വനിതകൾക്കാണ് നിയമസഭാ സീറ്റ് നൽകിയിട്ടുള്ളത്. ഖമറുന്നീസ അൻവർ 1996 ൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്നും മത്സരിച്ചു. എളമരം കരീമിനോട് 8766 വോട്ടിന് പരാജയപ്പെട്ടു. നൂർബീന റഷീദ് 2021 ൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും അഹമ്മദ് ദേവർകോവിലിനോട് 12459 വോട്ടിന് തോറ്റു.
