തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നിലവിലെ എംപിമാർ മത്സരിക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങുമെന്ന വിലയിരുത്തലിലാണ് എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂട്ടത്തോടെ തയ്യാറെടുക്കുന്നത്. എന്നാൽ അത്തരമൊരു ആഗ്രഹവുമായി വരേണ്ടന്ന് പാർട്ടിയിൽ അഭിപ്രായം ശക്തമാവുകയാണ്.
എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ഒന്നോ രണ്ടോ എംപിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാദ്ധ്യതയും പാർട്ടി നേതൃത്വം മുന്നിൽ കാണുന്നു. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ടിവരുമെന്നത് പുതിയ തലവേദനയാകും. അതിനാൽ എംപിമാർ എംപിമാരായി തന്നെ ഇരുന്നാൽ മതിയെന്ന വാദത്തിനാണ് ബലമേറുന്നത്.
