തിരുവനന്തപുരം: കെ ജെ ഷൈനിന് നേരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ എം ഷാജഹാനെ കസ്റ്റഡിയിലെടുത്ത് എറണാകുളം റൂറൽ പോലീസ്. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ കെ ജെ ഷൈനിനെതിരായി അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നേരത്തെ കെ എം ഷാജഹാനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കേസിന്റെ അന്വേഷണ ഘട്ടത്തിൽ, ഷാജഹാൻ പങ്കുവെച്ചുവെന്ന് പറയുന്ന അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് മെറ്റയോട് വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, മെറ്റ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചു.
മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്റർപോൾ മുഖേന ഇടപെടാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിന്റെ പ്രത്യേക അനുമതി തേടിയിട്ടുണ്ട്. ഷാജഹാനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കസ്റ്റഡിയെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കും പോലീസ് നീങ്ങിയേക്കും.
