തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നൽകുമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമുള്ള ഉറപ്പായ പെൻഷൻ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇക്കാര്യത്തിൽ ജീവനക്കാരും പെൻഷൻകാരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂടിച്ചേർത്തു. സർക്കാർജീവനക്കാരുടെ കുടിശ്ശിക അവകാശമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും വാദിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
ഏകദേശം 25,000 കോടി രൂപവരുന്ന ഡിഎ കുടിശ്ശിക മുഴുവൻ പെട്ടെന്ന് നൽകേണ്ടിവന്നാൽ സിസ്റ്റം തകരും. ശമ്പളമടക്കം മുടങ്ങുന്ന സ്ഥിതിവരും. ഇതാണ് ചിലർ ആഗ്രഹിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ഘട്ടംഘട്ടമായെ അത് കൊടുക്കാനാവൂ. ഈ പ്രായോഗിക സമീപനമാണ് കോടതിയിൽ പറഞ്ഞത്. അല്ലാതെ കൊടുക്കാതിരിക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
ഡിഎ അവകാശമാണെന്നാണ് റിട്ട് നൽകിയവരുടെ വാദം. അതുസംബന്ധിച്ച സുപ്രീംകോടതിയിൽ ഉൾപ്പെടെ പല കേസുകളും നിലവിലുണ്ട്. അവയിൽ അന്തിമവിധിവരാതെ ഇക്കാര്യം തീരുമാനിക്കാനാവില്ല. ഇതെല്ലാം കൊടുത്തുതീർക്കുമെന്ന് മന്ത്രിയെന്ന നിലയിൽ താൻ ഉറപ്പുനൽകുന്നു.
കേന്ദ്രം കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് അർഹതപ്പെട്ട രണ്ടുലക്ഷം കോടിയാണ് വെട്ടിക്കുറച്ചത്. ഈവർഷം മാത്രം 17,500 കോടിയുടെ കടം നിഷേധിച്ചു. അതുമാത്രം കിട്ടിയാൽ കുടിശ്ശിക ഏറക്കുറെ നൽകാനാകും. സാഹചര്യം ഇതായിരിക്കേ കോടതിയിൽപ്പോയി വാർത്തയുണ്ടാക്കേണ്ട കാര്യമില്ലെന്നും ബാലഗോപാൽ വിമർശിച്ചു.
കോവിഡ് കാലത്ത് കേന്ദ്രം ഡിഎ നൽകിയില്ല. ആരെങ്കിലും കോടതിയിൽ പോയോ? പങ്കാളിത്ത പെൻഷനുപകരം നിശ്ചിത തുക ഉറപ്പായി ലഭിക്കുന്ന പെൻഷൻ പദ്ധതി തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കടം വെട്ടിക്കുറച്ചതിനെതിരേ കേരളം നൽകിയ കേസ് ഭരണഘടനാ ബെഞ്ചിന് മുന്നിലുണ്ട്. വിധി അനുകൂലമായാൽ സാമ്പത്തിക പ്രതിസന്ധിക്കു ഒരുപരിധിവരെ പരിഹാരമാകുമെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
