കൊച്ചി: കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും. ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് മിനിമോൾ മേയറാവുക. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യു മേയർപദവി അലങ്കരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്ത് ടേം വ്യവസ്ഥപ്രകാരം യഥാക്രമം ദീപക് ജോയ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവരായിരിക്കും എത്തുക. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത്
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് കൊച്ചി മേയർസ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിനെ പൂർണ്ണമായും തഴഞ്ഞു. എ,ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്തിയെ മേയർസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്. പാർലമെന്റെറി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. വി.കെ. മിനിമോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാലുപേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതൽ പരിഗണന നൽകണമെന്ന് കെപിസിസി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ദീപ്തി മാത്രമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന നിർദ്ദേശമിരിക്കെ ദീപ്തിയെ വെട്ടിയതിനെതിരേ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദീപ്തി അനുകൂലിക്കുന്നവർ കടുത്ത നിരാശയിലാണ്. മറ്റ് കോർപ്പറേഷനുകളിലൊന്നും ഇല്ലാത്ത രീതിയിലാണ് കൊച്ചിയിലെ മേയറെ തെരഞ്ഞെടുക്കാൻ എ, ഐ ഗ്രൂപ്പുകളും ഡിസിസിയും പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. കൗൺസിലർമാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്തി മേരി വർഗീസിനെ വെട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.
കൊച്ചി കോർപ്പറേഷനിലെ സ്റ്റേഡിയം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ദീപ്തി. വി.കെ. മിനിമോൾ പാലാരിവട്ടത്തുനിന്നും ഷൈനി ഫോർട്ട് കൊച്ചിയിൽനിന്നുമുള്ള പ്രതിനിധിയാണ്. ദീപക് ജോയ് അയ്യപ്പൻകാവിനെയും കെവിപി കൃഷ്ണകുമാർ എറണാകുളം സൗത്തിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
