‘അതിദാരിദ്ര്യനിർമ്മാർജനം ഭരണപരിപാടിയായിരുന്നില്ല; മനുഷ്യരുടെ ജീവിതവുമായി ചേർന്ന യാത്രയായിരുന്നു, ചേർത്ത് പിടിക്കലായിരുന്നു’: ടി.വി അനുപമ ഐഎഎസ്

Date:

രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതി കേരളം കൈവരിക്കുമ്പോൾ ആ ചരിത്ര യാത്രയുടെ ഭാഗമാകാനായതില്‍ അഭിമാനം കൊള്ളുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി ഐഎഎസ് പദ്ധതിയുടെ നടപടിക്രമങ്ങളിൽ നേരിട്ട അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പദ്ധതിയുമായി ചേർന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നടന്നൊരു യാത്രയായിരുന്നു എന്ന് ടി വി അനുപമ ഐഎഎസ് പറയുന്നു.

ഓരോ ജീവിതവും മെച്ചപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഈ പദ്ധതിയെ സമീപിച്ചതെന്നും ഫേസ്ബുക്കിൽ അനുപമ കുറിച്ചു.

അനുപമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

കേരളം ഒരിക്കൽ കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം ഉയരുമ്പോൾ ആ ചരിത്രയാത്രയുടെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്.

2018-ലെ വെള്ളപ്പൊക്കത്തിന്റെ പുനരധിവാസത്തിന് ശേഷം സൂക്ഷ്മതലത്തിലുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തദ്ദേശസ്വയംഭരണ വകുപ്പിലാണ്.

അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതും വിവിധ വകുപ്പുകളുടെ സ്കീമുകളും പരിപാടികളും തദ്ദേശസ്ഥാപന തലത്തിൽ ഏകോപിപ്പിച്ചതും തദ്ദേശ സ്വയംഭരണവകുപ്പാണ്.

തദേശസ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് ആ പദ്ധതി ഉയര്‍ന്നതും !

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്ന ഘട്ടം കഴിഞ്ഞാണ് ഞാന്‍ വകുപ്പിലെതിയത്.
പക്ഷെ ശാരദാ മുരളീധരന്‍ മാഡത്തിന്റെ ഉപദേശമനുസരിച്ച് ഈ മാതൃക വയനാട് മേപ്പാടി ദുരന്തത്തിലുൾപ്പെട്ടവരുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി പഠിച്ചു നടപ്പാക്കുകയും ഏതാണ്ട് ആ സമയം മുതല്‍ തന്നെ സര്‍ക്കാരില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തത് മുതല്‍ തുടങ്ങുന്നു ഈ പദ്ധതിയുമായുള്ള എന്റെ ബന്ധം.

അതുകൊണ്ട് തന്നെ ഞാനിവിടെ കുറിക്കുന്നത് പദ്ധതിയില്‍ നേരിട്ട് പങ്കെടുത്തവരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ്.

ഞങ്ങള്‍ക്ക് ഇത് വെറും ഒരു ഭരണ പരിപാടിയല്ലായിരുന്നു, മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നടന്നൊരു യാത്രയായിരുന്നു.

ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള  പുതുവഴികളാണ്, 
ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്..
ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി.

പല തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന  ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ് .

സര്‍ക്കാരില്‍ വളരെ ആലോചിച്ചു തീരുമാനമെടുക്കേണ്ട വിഷയങ്ങളും വളരെപ്പെട്ടെന്ന് തീരുമാനമെടുക്കേണ്ട വിഷയങ്ങളും ഉണ്ടാകും.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ തുടക്കം ആദ്യഗണത്തിലുൾപ്പെട്ടതാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലെ പ്രവര്‍ത്തനം രണ്ടാം ഗണത്തിലായിരുന്നു.

നിലവിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങല്‍ക്കുപരിയായുള്ള തീരുമാനങ്ങള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രത്യേക കേസുകള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍, മറ്റുവകുപ്പുകളുമായുള്ള ഏകോപനം അത്യന്തം ആവശ്യമായ വിഷയങ്ങള്‍, വിട്ടുപോയവ കണ്ടെത്താനും പെട്ടെന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍, കഴിഞ്ഞ രണ്ടുമൂന്നു കാബിനെറ്റുകളില്‍ പോലും എത്തിയ പ്രത്യേക വിഷയങ്ങള്‍ അങ്ങനെയങ്ങനെ ..

വകുപ്പുകളുടെ മതിലുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും നിസ്സംശയം പറയാം..
ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂർണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകൾ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ചു തന്നെ ഈ പദ്ധതിയെ പൂർണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ഇന്നിവിടെ സംസ്ഥാന സര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.

അഭിമാനം, നന്ദി …

അനുപമ ടി വി,
സ്പെഷ്യൽ സെക്രട്ടറി,
തദ്ദേശ സ്വയംഭരണ വകുപ്പ്,
കേരള സർക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...