തിരുവനന്തപുരം :തിരുവനന്തപുരത്ത് പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പൂവാർ സ്വദേശിയാണ്. വിദ്യാർത്ഥി കുളിക്കാൻ ഇറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിൻ്റെ സാമ്പിളുകളും ശേഖരിച്ചു.
ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാർത്ഥി സിമ്മിംഗ് പൂളിൽ കുളിച്ചത്. പിന്നാലെ ശക്തമായ തലവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തലവേദന കടുത്തതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇതുവരെ 66 പേർക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും ഇതിൽ 17 പേർ മരണപ്പെട്ടതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. വെള്ളിയാഴ്ച മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആകെ 19 പേർക്ക് രോഗബാധയും 7 മരണവും സ്ഥിരീകരിച്ചു.
