കൊച്ചി : ശനിയാഴ്ച അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്ക്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് മലയാള – തമിഴ് ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരും അന്ത്യാഞ്ജലി അർപ്പിച്ചു. ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
ജീവിതകാലമത്രയും ഡബ്ബിംഗ് ആർട്ടിസ്റ്റായും കഥാകൃത്തായും തിരക്കഥാകൃത്തായും അഭിനേതാവായും നിർമ്മാതാവായും സംവിധായകനായും സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് വിട പറഞ്ഞത്. ചലച്ചിത്ര ഭാഷയിലൂടെ നർമ്മവും, പരിഹാസവും വിമർശനവും, പ്രണയവും, സൗഹൃദവും, സ്നേഹവും, സങ്കടവും, നിരാശയും കാച്ചിക്കുറുക്കി പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നതിൽ വിദഗ്ദനായ കലാകാരൻ ഒടുവിൽ യാത്രപറയാതെ മലയാളികളെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് കടന്നുപോയത്. ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ശനിയാഴ്ച രാവിലെ 8.30 യോടെ മരണം സ്ഥിരീകരിച്ചത്.
പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ നേരത്തെ എത്തി അന്ത്യോപചാരമർപ്പിച്ചു. പ്രിയ ശ്രീനിയെ അവസാനമായി കാണാനായി വിങ്ങിപ്പൊട്ടുന്ന മനസ്സുമായി മമ്മൂട്ടിയെത്തിയത്. 40 വർഷത്തിലേറെയായ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ളത്. ശ്രീനിവാസൻ്റെ ഭാര്യ വിമല, മക്കളായ വിനീത് ശ്രീനിവാസനേയും ധ്യാൻ ശ്രീനിവാസനേയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.
തൻ്റെ വിവാഹ നാളിൽ മമ്മൂട്ടിയും ഇന്നസെൻ്റും നൽകിയ സഹായത്തെപ്പറ്റി ശ്രീനിവാസന്‍ ഒരു വേദിയിൽ ആദ്യമായി പറഞ്ഞത് പ്രേക്ഷകരുടെ ഓർമ്മയിൽ കാണണം. വേദന നിറഞ്ഞ അനുഭവം വളരെ ഹാസ്യ പ്രധാനമായാണ് ശ്രീനിവാസൻ അവതരിപ്പിച്ചത്. ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാന്‍ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാന്‍ വിവാഹം ചെയ്തു. അത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. ഇവിടെ വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്നാണ്.
“സാമ്പത്തികമായി വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം നടന്നത്. എങ്കിലും അമ്മയ്ക്ക് ഒരേയൊരു നിർബ്ബന്ധം, സ്വർണ്ണത്തിൻ്റെ താലിമാല തന്നെ വേണമെന്ന്. അഞ്ചിൻ്റെ പൈസ കയ്യിലില്ലാത്ത ഞാൻ സ്വർണ്ണത്താലിക്ക് എവിടെ പോകും! ഇന്നസെന്റിനോടാണ് ആദ്യം കാര്യം പറഞ്ഞത്. ഞാനൊരു വിവാഹം കഴിക്കാനായി പോകുകയാണ്. രജിസ്റ്റര്‍ വിവാഹമാണ്, വലിയ ആളുകളൊന്നുമില്ല. കാശുമില്ല. പക്ഷേ ലളിതമായി അതങ്ങ് നടത്തണം എന്ന്. എനിക്കറിയാം ഇന്നസെന്റിന്റെ കൈയ്യിലും അന്ന് കാശൊന്നും ഇല്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം കാശുമായി വന്നു. ഇതെവിടെ നിന്നാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ആലീസിന്റെ രണ്ട് വള പോയി എന്നായിരുന്നു മറുപടി. അതും വാങ്ങി നേരെ മമ്മൂട്ടിയുടെ അടുത്ത് പോയി. എനിക്കൊരു രണ്ടായിരം രൂപ വേണം. ഞാനൊരു കല്യാണം കഴിക്കാന്‍ പോകുകയാണ്, താലി വാങ്ങണം. വേറെ വഴിയൊന്നും ഇല്ല എന്ന് പറഞ്ഞു. ആരെയും വിളിക്കുന്നില്ല എന്നും മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി രണ്ടായിരം രൂപ തന്നു, ആരുമില്ലേലും ഞാന്‍ വരികയും ചെയ്യും എന്നും പറഞ്ഞു. അങ്ങനെ ഒരു കൃസ്ത്യാനി അയാളുടെ ഭാര്യയുടെ വളവി റ്റ് തന്ന കാശും ഒരു മുസ്ലിം തന്ന രണ്ടായിരം രൂപ കൊണ്ടും വാങ്ങിയ താലിയാണ് ഞാനൊരു ഹിന്ദു പെൺകുട്ടിയുടെ കഴുത്തിൽ ചാർത്തിയത്. എന്ത് മതം, ഏത് മതം, ആരുടെ മതം”- അന്ന് ശ്രീനി ഇത് പറയുമ്പോൾ ഉയർന്ന കയ്യടികൾ ആ കലാകാരന് മലയാളം നൽകിയ അംഗീകാരമായിരുന്നു.
