കാഠ്മണ്ഡു : നേപ്പാളിൽ ആളിക്കത്തിയ ജെൻ സി പ്രക്ഷോഭത്തിൽ രാജിവെച്ചൊഴിഞ്ഞ് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഒലി സൈനിക മേധാവിയുമായി സംസാരിച്ചു, വഷളാകുന്ന സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒലി അധികാരം ഉപേക്ഷിച്ചാൽ മാത്രമെ സൈന്യത്തിന് രാജ്യത്തെ സ്ഥിരപ്പെടുത്താൻ കഴിയൂ എന്ന് ജനറൽ സിഗ്ഡൽ പ്രതികരിച്ചു. ഒലി സ്ഥാനമൊഴിഞ്ഞാൽ സൈന്യം ഇടപെടാൻ തയ്യാറാണെന്ന് സൈനിക വൃത്തങ്ങളും പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം ഒരു തുമ്പുപോലും പിന്നോട്ടു പോയിട്ടില്ല. അഴിമതി ഭരണം അവസാനിപ്പിക്കാനും രാജഭരണം തിരിച്ചുകൊണ്ടുവരണമെന്നുമാണ് ജെൻ – സി പ്രക്ഷോഭകാരികളുടെ ആവശ്യം.
ഭക്തപൂരിലെ ബാൽക്കോട്ടിലുള്ള ശർമ്മ ഒലിയുടെ വസതിക്ക് സമീപം വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. നേപ്പാളിലുടനീളം പ്രതിഷേധം വർദ്ധിച്ചുവരുന്നതിനിടെയാണ് വെടിവെപ്പ്. ഇതിനിടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി.
ശർമ്മ ഒലി രാജ്യം വിടാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. വൈദ്യചികിത്സയ്ക്കായി ദുബൈയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. യാത്രയ്ക്കായി സ്വകാര്യ വിമാനക്കമ്പനിയായ ഹിമാലയ എയർലൈൻസിനെ സജ്ജമാക്കുകയും ചെയ്തിരുന്നു.
രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖക്കിന്റെ
നായ്ക്കപ്പിലെ വസതി പ്രതിഷേധക്കാർ തീയിട്ടു. കർഫ്യൂ നിലനിൽക്കെ സുരക്ഷാ വിന്യാസങ്ങളെ മറിക്കടന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാകുന്നത്. പ്രകടനക്കാർ മറ്റ് ഉന്നത നേതാക്കളുടെ വീടുകൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
ദേശീയ സുരക്ഷയുടെ പേരിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ഉടലെടുത്തത്. രാജ്യത്തുടനീളം പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയിൽ നിന്നുള്ള 21 പാർലമെന്റ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കാൻ തീരുമാനിച്ചു. രവി ലാമിച്ചനെയുടെ നേതൃത്വത്തിൽ പാർലമെന്റിൽ ഈ എംപിമാരുടെ ആദ്യ വിജയമായിരുന്നു ഇത്. തുടക്കം മുതൽ തന്നെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പ്രസ്ഥാനത്തെ പാർട്ടി പിന്തുണച്ചിരുന്നു, ഇപ്പോൾ പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നു