കൊച്ചി : ആഗോള അയ്യപ്പ സംഗമത്തില്‍ സർക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു സർക്കാർ മറുപടി. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പരിപാടി നടത്തുന്നത് മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി.
സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ആഗോള അയ്യപ്പസംഗമം ഒരുങ്ങുന്നത്. ഇത്തരമൊരു സംഗമം ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതകള്‍ ലോകമെമ്പാടും എത്തിക്കുന്നതിന് സഹായകമാകുമെന്ന വിലയിരുത്തലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കുള്ളത്. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് ദേവസ്വം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.