ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചു.
കൈതപ്രത്തിൻ്റെ പ്രാർത്ഥനയോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എൻ എസ് എസും എസ് എൻ ഡി പിയും ഉൾപ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിദ്ധ്യം സംഗമത്തിലുടനീളമുണ്ടായിരുന്നു.
ഇതിനിടെ രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ സമാപന ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ 16-ന് തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ, മാസപൂജയുടെ അവസാന ദിവസമായിരിക്കും രാഷ്ട്രപതിയുടെ സന്ദർശനമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി ഭവനിൽനിന്ന് ശബരിമല സന്ദർശിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നുവെന്നും ഒക്ടോബറിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘർഷം കാരണം യാത്ര റദ്ദാക്കിയിരുന്നു.