തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാൻ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ കാണാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തുടര്‍ന്ന് ക്ഷണകത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് മടങ്ങേണ്ടിവന്നു.
അതേസമയം,ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തുക എന്നതാണ് സിപിഎമ്മിന്‍റെ എല്ലാ കാലത്തേയും നിലപാടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു. ഈ വിഷയത്തില്‍ ഇരട്ടത്താപ്പില്ല. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാവരും ഭൗതികവാദികള്‍ അല്ല. വിശ്വാസത്തിനോ വിശ്വാസികള്‍ക്കോ സിപിഎം എതിരല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. സ്ത്രീ പ്രവേശനം കഴിഞ്ഞ അദ്ധ്യായമാണെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.
അയ്യപ്പ വിരോധികളാണ് ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നതെന്നും എൽ ഡി എഫ് കൊണ്ട് വന്നു എന്ന് കരുതി എതിർക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പറഞ്ഞത് ശരി ആണെങ്കിൽ അംഗീകരിക്കണം. യുഡിഎഫ് ആലോചിച്ചില്ലെങ്കിലും ഒരു പുല്ലും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.