[ Photo Courtesy : X)
ന്യൂഡൽഹി: മഹാസഖ്യം തകർന്നു വീണ ബീഹാറിൻ്റെ മണ്ണിൽ വിജയരഥത്തിലേറി എൻഡിഎ. നിതീഷ് കുമാർ തന്നെ ഇത്തവണയും സർക്കാരിൻ്റെ തേര് തെളിക്കും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപിയ്ക്കും. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും.
പതിനെട്ടാം നിയമസഭയിൽ വീണ്ടും നിതീഷ് കുമാർ മുഖ്യമന്ത്രി പദത്തിലേറും. കേന്ദ്രത്തിൽ ജെഡിയുവിൻ്റെ12 സീറ്റുകളുടെ കൂടി ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷ്കുമാറിനെ പിണക്കാനാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അഞ്ച് വർഷവും നിതീഷിനെ തന്നെ മുഖ്യമന്ത്രിയായി നിലനിർത്തുമോയെന്നതും ചോദ്യമാണ്. അനാരോഗ്യം തന്നെ പ്രധാനകാരണം. മാത്രമല്ല ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെ ഒപ്പം നിർത്തിയാൽ നിതീഷ് കുമാറിനെ മറികടക്കാനുള്ള ബലം ബിജെപിക്ക് കിട്ടും.
അതേ സമയം രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ ബിജെപി തന്നെ കൈയിൽ വയ്ക്കും. നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയെയും, വിജയ്കുമാർ സിൻഹയും തുടരാനിടയില്ല. നിലനിർത്തിയാലും നേതൃത്വവുമായി ഏറെ അടുപ്പമുള്ള സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിക്കാനാകും സാദ്ധ്യത. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദമുന്നയിക്കനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല
