തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അശ്ലീല സന്ദേശവിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻ്റ്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനോട് നിർദ്ദേശിച്ചതായാണ് വിവരം. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്.
അശ്ലീല സന്ദേശ വിവാദത്തിലും മറ്റുമായി രാഹുലിനെ പ്രതിയാക്കി നിരവധി പരാതികൾ കഴിഞ്ഞ ദിവസങ്ങൾക്കിടെ എഐസിസിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പരാതികൾ അന്വേഷിക്കാൻ കെപിസിസി ക്ക് നിർദ്ദേശ നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. ഇന്നലെയുണ്ടായ യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ പേർ രംഗത്തുവരുമെന്നുള്ള കൃത്യമായ വിവരത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കാമാൻ്റിൻ്റെ നടപടി. തൽക്കാലം എംഎല്‍എ സ്ഥാനത്ത് തുടരാൻ അനുവദിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാനുള്ള സാദ്ധ്യതയില്ല.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പിൽ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു