കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പാക്കണം. പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ക്ഷേത്രങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ദേവസ്വംബോർഡുകളോട് കോടതി നിർദ്ദേശിച്ചു.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രം, ആറ്റിങ്ങൽ ശ്രീ ഇന്ദിലയപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ ഉത്സവത്തോടനുബന്ധിച്ച് ഗസൽ ഗായകൻ അലോഷി വിപ്ലവ ഗാനം പാടിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്. ആറ്റിങ്ങൽ ക്ഷേത്രത്തിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും ഉണ്ടായിരുന്നു.
എന്നാൽ, ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പരിപാടികളുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോർഡുകളുടെ നിലപാട്. എന്നാൽ, മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ വകുപ്പ് മൂന്ന്, ക്ഷേത്രപരിസരങ്ങൾ രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.