കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കാനാവില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോള്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വ്വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടുവെങ്കിലും റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് പറഞ്ഞ് ആവശ്യം കോടതി തള്ളി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ബുധനാഴ്ച ജില്ലാ കളക്ടറോട് ഓണ്‍ലൈന്‍ വഴി ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച വരെ പാലിയേക്കരയിൽ ടോൾപിരിവ് ഉണ്ടാകില്ല.
റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി ചൊവ്വാഴ്ച പരിശോധിച്ചു. അടിപ്പാത നിര്‍മ്മാണം നടക്കുന്ന മേഖലകളില്‍ സര്‍വ്വീസ് റോഡുകളുടെ അവസ്ഥ എന്താണെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. എല്ലാ സര്‍വ്വീസ് റോഡുകളും കുഴിയടച്ച് നന്നാക്കിയില്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. കൊരട്ടിയിലെ സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. പേരാമ്പ്രയിൽ അപകടമുണ്ടാക്കാന്‍ കഴിയുന്ന കുഴികള്‍ ഇപ്പോഴും ഉണ്ടെന്നായിരുന്നു ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കൂടുതല്‍വിശദീകരണം നല്‍കാനായി ബുധനാഴ്ച ജില്ലാ കളക്ടറോട് ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
പാലിയേക്കരയില്‍ ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്നാണ് കരാര്‍ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും ആവശ്യം. സര്‍വ്വീസ് റോഡുകള്‍ ശരിയാക്കിയെന്നും അതിനാല്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നും ഓഗസ്റ്റ് 28-ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സര്‍വ്വീസ് റോഡിന് വീതി കൂട്ടി ശാശ്വതപരിഹാരം കണ്ടിട്ടില്ലെന്നും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും അടങ്ങിയ മൂന്നംഗസമിതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ടോള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. ജില്ലാ കളക്ടർ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. 15 ദിവസം കൂടി സാവകാശം വേണമെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചത്.