മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 14 മുതൽ 18 വരെയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസ് ആണ് വേദി. രണ്ടാമത്തെ മത്സരം നവംബർ 22 മുതൽ 26 വരെ ഗുവാഹത്തിയിൽ നടക്കും.
പരിക്ക് കാരണം പുറത്തായിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയെന്നത് ശുഭവാർത്തയാണ്. അടുത്തിടെ ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ പരമ്പരയിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ 28 കാരനായ പന്ത്, വിക്കറ്റ് കീപ്പർ-ബാറ്റർ എന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് പന്തിന് പരിക്കേറ്റത്. മാഞ്ചസ്റ്റർ ടെസ്റ്റിനിടെ ക്രിസ് വോക്‌സിൻ്റെ പന്ത് കാലിൽ കൊണ്ടതിനെ തുടർന്നാണ് പന്തിന് പരിക്കേറ്റത്. ബെംഗളൂരുവിലെ ബിസിസിഐ സെൻ്റർ ഓഫ് എക്‌സലൻസിലായിരുന്നു പന്തിൻ്റെ ചികിത്സയും പരിശീലനവും.
വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ധ്രുവ് ജൂറൽ സ്ക്വാഡിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ്. പ്രസീദ് കൃഷ്ണയ്ക്ക് പകരക്കാരനായി അക്സർ പട്ടേലും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. അക്സർ അവസാനമായി ടെസ്റ്റ് കളിച്ചത് 2024-ലാണ്. വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്ന ആകാശ് ദീപും ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ട്വൻ്റി20 ഐ പരമ്പരയും നടക്കും.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ) (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജൂറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
