Friday, February 6, 2026

അണ്ടർ-19 ലോകകപ്പ് ആറാമതും സ്വന്തമാക്കി ഇന്ത്യ ; ഇംഗ്ളണ്ടിനെ തകർത്തത് 100 റൺസിന്

Date:

ഹരാരെ : ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ആറാം തവണയും സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരിടധാരണം.  കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് തിളക്കമേറ്റിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഓപ്പണർ സൂര്യവംശിയുടെ പ്രകടനം. വെറും 55 പന്തിൽ സെഞ്ചുറി തികച്ച സൂര്യവംശി, അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത സൂര്യവംശിയുടെ ഇന്നിംഗ്‌സിന്റെ കരുത്തിൽ ഇന്ത്യ 50 ഓവറിൽ 411/9 എന്ന കൂറ്റൻ സ്കോറാണ് ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്.  അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന ടീം സ്കോർ കൂടിയാണ് ഇത്.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിൻ്റെ തുടക്കവും മികച്ചതായിരുന്നു. പക്ഷെ, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് മുന്നേറാനുള്ള അവസരം അവർക്ക് നഷ്ടമാക്കി. കാലേബ് ഫാൽക്കണർ 67 പന്തിൽ 115 റൺസുമായി പൊരുതിയെങ്കിലും ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിന് മുൻപിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര പതറി വീണു. ബെൻ മയേസ് (45), നായകൻ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവരുടെതായിരുന്നു മറ്റ് ഭേദപ്പെട്ട പ്രകടനം. 311 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ട്! ഇന്ത്യയ്ക്കായി ആർ.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.ദീപേഷ് ദേവേന്ദ്രൻ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ക്യാപ്റ്റൻ ആയുഷ് മാത്രെയും ഖിലാൻ പട്ടേലും ഒരോ വിക്കറ്റും നേടി.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റേന്തിയ ഇന്ത്യയ്ക്ക് പവർപ്ലേയിലെ നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. മലയാളി താരം ആരോൺ ജോർജിന്റെ ( 9) വിക്കറ്റാണ് നഷ്ടമായത്. തുടർന്ന് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയെ മറുഭാഗത്ത് നിർത്തി വൈഭവ് സൂര്യവംശിയുടെ ഒരു ബാറ്റിംഗ് വിസ്മയം തന്നെയാണ് പിന്നീട് കാണികൾ കണ്ടത്. ആയുഷ് മാത്രെ (53) മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 19 ഓവറിൽ 142 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. സൂര്യവംശിയുടെ 175 റൺസ് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. 15 ഫോറുകളും 15 സിക്സറുകളുമാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 32 പന്തിൽ അർദ്ധസെഞ്ചുറി തികച്ച താരം അടുത്ത 23 പന്തിൽ നിന്ന് സെഞ്ചുറി തികച്ചു. ആകെ 175 റൺസിൽ 150 റൺസും ബൗണ്ടറികളിലൂടെയാണ് സൂര്യവംശി കരസ്ഥമാക്കിയത്. അഭിഗ്യാൻ കുണ്ടു (40), വേദാന്ത് ത്രിവേദി (32), വിഹാൻ മൽഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിങ്ങനെയാണ് മറ്റ് സംഭാവനകൾ.

പതിവ് പോലെ ഈ ഇന്നിംഗ്സിലും റെക്കോർഡുകളിൽ വൈഭവം കുറിയ്ക്കുന്നതിൽ ഒട്ടും പിശുക്ക് കാട്ടിയില്ല വൈഭവ് സൂര്യവംശി. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിക്ക് ഉടമയായി സൂര്യവംശി. ഒരു യൂത്ത് ഏകദിന ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ (15) നേടുന്ന താരം, ഏറ്റവും വേഗത്തിൽ 150 റൺസ് തികയ്ക്കുന്ന താരം (71 പന്തിൽ) എന്നീ റെക്കോർഡുകളും പുതുതായി തൻ്റെ പേരിൽ എഴുതിച്ചേർത്തു. ടൂർണമെന്റിലുടനീളം 22 സിക്‌സറുകൾ പറത്തിയ സൂര്യവംശി ‘ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോർഡും മറികടന്നു. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയായും അദ്ദേഹം മാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ...

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന...

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനടക്കം 4 പേർക്കെതിരെ കേസ്

കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും...