വയനാട് : മൂപ്പൈനാട് പഞ്ചായത്ത് ഭരണം 25വർഷത്തിന് ശേഷം യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കാമെന്ന എൽഡിഎഫ് മോഹം പൊലിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാടകീയമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യമായപ്പോൾ വീണ്ടും ഭരണം യുഡിഎഫ് കൈയ്യിലൊതുക്കി. യുഡിഎഫിലെ സി.വി. സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടുമായിരുന്നു കക്ഷിനില. ഇതനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. ഒമ്പത് വോട്ടുകൾ ലഭിക്കേണ്ടിയിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി വി. കേശവന് പക്ഷേ, വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ചത് എട്ട് വോട്ടുകൾ മാത്രം. എൽഡിഎഫിലെ ഒമ്പതാം വാർഡ് മെമ്പറുടെ വോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണികൾക്കും എട്ട് വീതം വോട്ടുകൾ ലഭിക്കുകയും മത്സരം നറുക്കെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് യുഡിഎഫ് സ്ഥാനാർത്ഥി സി.വി. സുധയെ. അങ്ങനെ ‘അസാധു’വിനെ പഴിച്ച് വീണ്ടും ഇടത് പക്ഷം പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടിലുമായി!
