റാഞ്ചി : ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിന് പിന്നിലെ അന്വേഷണം ഞെട്ടിക്കുന്നത്. പരിശോധനയില്‍ രക്തബാങ്കിലേക്ക് രക്തം നല്‍കിയവരില്‍ മൂന്നുപേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയാണ് വിവരം അറിയിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം.
2023 മുതല്‍ ഇതുവരെ രക്തബാങ്കിലേക്ക് 259 പേരാണ് രക്തം നല്‍കിയത്. ഇവരെ ഓരോരുത്തരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തലാസീമിയ രോഗം ബാധിച്ച അഞ്ച് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം. സംഭവത്തില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നത് ആശ്വാസമാകുന്നു.
