ലേ : ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വിരമിച്ച സുപ്രീംകോടതി ജഡ്ജ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നാലുപേര്‍ മരണപ്പെടാന്‍ ഇടയായ ലഡാക്ക് സംഘര്‍ഷത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് അന്വേഷണത്തിനായി ആഭ്യന്തരമന്ത്രാലയം നിയോഗിച്ചത്. മുന്‍ സെഷന്‍സ് ജഡ്ജി മോഹന്‍ സിങ് പരിഹാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ തുഷാര്‍ ആനന്ദ് എന്നിവരാണ് ജുഡീഷ്യല്‍ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. ലഡാക്കിലെ സംഘടനകളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യമായിരുന്നു ജുഡീഷ്യല്‍ അന്വേഷണം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താന്‍ ജയിലില്‍ തുടരും എന്നായിരുന്നു സോനം വാങ്ചുകിന്റെ തീരുമാനം.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ 90 അധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. സോനം വാങ്ചുക് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചത്തിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.