തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ് എത്തിയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. മുൻപ് ശബരിമല സ്പെഷ്യൽ ഓഫീസറായി കെ ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി കെ ജയകുമാറിന്റെ പേര് നിർദ്ദേശിച്ചെന്നാണ് അറിയുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള ചുമതല ഉത്തരവ് കിട്ടിയാലുടൻ ഏറ്റെടുക്കുമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.കെ ജയകുമാർ പറഞ്ഞു. നിലവിലെ വിവാദങ്ങളല്ല മുന്നിലുള്ളത്. 17ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനാണ് നിലവിൽ മുൻഗണനയെന്ന് അദേഹം പറഞ്ഞു. എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യുമ്പോഴും സീസൺ ആരംഭിക്കുമ്പോൾ പുതിയ പ്രശ്‌നങ്ങൾ വീണ്ടും വരും. ഈ തീർത്ഥാടനകാലം കുറ്റമറ്റ രീതിയിൽ നടത്തണമെന്നാണ് ആഗ്രഹമെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വന്ന് തൊഴുതു പോകുന്ന ഭക്തന്മാർക്ക് വളരെ സന്തോഷകരമായ ദർശനം ലഭിക്കണം. അതിന് വേണ്ട സാഹചര്യം ഒരുക്കണം. ശബരിമലയിലെ ക്രമീകരണങ്ങൾ സൂതാര്യമായ രീതിയിലേക്ക് പോകുമ്പോൾ വന്ന് പോകുന്നവർക്ക് തൃപ്തി ലഭിക്കും. അതിനാണ് പ്രാധാന്യം നൽകുകയെന്ന് കെ ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം ഒരു മുൾ കിരീടം പോലെയാണെന്ന ചോദ്യത്തിന് എല്ലാ കിരീടത്തിലും മുള്ള് ഉള്ളാതായി കണുന്നില്ലെന്നും നമ്മൾ വെക്കുന്നതുപോലെയിരിക്കുമെന്നും അദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജയകുമാർ അറിയിച്ചു.
ചീഫ് സെക്രട്ടറി പദവി കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസലർ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ എംഡി, എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
ജയകുമാറിന്റെ നിയമനത്തിൽ സന്തോഷമെന്ന് നിലവിലെ പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ശബരിമലയിൽ അദ്ദേഹത്തിന് വലിയ അനുഭവ പാരമ്പര്യവും പരിജ്ഞാനവുമുണ്ട്. തീർത്ഥാടനകാലം തുടങ്ങാനിരിക്കെ ആ അനുഭവ പാരമ്പര്യം മുതൽക്കൂട്ടാകും. നിലവിലെ ഭരണസമിതി മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. ഈമാസം 12 വരെയാണ് നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി.
