ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറന്‍സിനെതിരെ കേരളം സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്നും റഫറന്‍സ് മടക്കണമെന്നും ആവിശ്യപ്പെട്ട് കേരളം അപേക്ഷ നല്‍കി. രാഷ്ട്രപതി റഫറന്‍സ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേരളത്തിൻ്റെ നീക്കം. ബില്ലുകള്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാലയുടെ ബെഞ്ച് സമയ പരിധി നിശ്ചയിച്ചതില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഫയല്‍ ചെയ്ത റഫറസിന് എതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകള്‍ മറച്ചു വെച്ചാണ് രാഷ്ട്രപതി റഫറന്‍സ് എന്ന് കേരളം അപേക്ഷയില്‍ ആരോപിച്ചു.
കഴിഞ്ഞതവണ റഫറന്‍സ് പരിഗണിച്ച സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും മറുപടി തേടിയിരുന്നു.
നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് ജസ്റ്റിസ് ജെ ബി പര്‍ദിവാലയുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു രാഷ്ട്രപതി റഫറന്‍സ് ഫയല്‍ ചെയ്തത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദ്ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വ്വചിക്കാന്‍ ആകുമോ എന്നാണ് രാഷ്ട്രപതിയുടെ ചോദ്യം.