തിരുവനന്തപുരം : കേരള പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസണിലെ താരലേലം തിരുവനന്തപുരത്ത് പുരോഗമിക്കവെ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിൽ എത്തിച്ചത്. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി സഞ്ജു മാറി. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു.
കെപിഎല്ലിൽ ഒരു ടീമിന് കളിക്കാരെ കണ്ടെത്താൻ 50 ലക്ഷം രൂപ മാത്രമെ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ സഞ്ജുവിനെ ടീമിലെത്തിക്കാൻ മാത്രം ബജറ്റിന്റെ പകുതിയിലധികം തുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ചെലവഴിച്ചത്. സഞ്ജു സാംസൻ്റെ സാന്നിദ്ധ്യം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എത്രമാത്രം അഭിമാനമായി കാണുന്നു എന്നതിലേക്ക് ഇത് വിരൽചൂണ്ടുന്നത്.