ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള മഹാരാഷ്ട്ര സർക്കാർ നീക്കം ആ ‘മറാഠിക്കാരെ’ വീണ്ടും ഒരുമെയ്യാക്കി

Date:

(Photo Courtesy : X )

മുംബൈ : ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ആ ‘മറാഠിക്കാ’രെ വീണ്ടും ഒരുമെയ്യാക്കി. 1 മുതൽ 5 വരെ ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉദ്ധവും രാജും മറ്റു പ്രതിപക്ഷകക്ഷികളും ചേർന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിൽ, ഏറെക്കാലത്തെ പിണക്കം മറന്ന്
താക്കറെ സഹോദരങ്ങൾ കൈകോർത്തു. രണ്ടു പതിറ്റാണ്ടിനു ശേഷം ശിവസേനാ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെയും ഒരുമിച്ച് വേദി പങ്കിട്ടു.

‘അവജ് മറാഠിച്ച’(മറാഠിയുടെ ശബ്ദം) എന്ന് പേരിട്ട പരിപാടിയിലാണ് 20 വർഷത്തിനുശേഷം  ഉദ്ധവും രാജും ഒന്നിച്ചത്. “ബാൽ താക്കറെയ്ക്ക് ചെയ്യാൻ കഴിയാത്തത്, മറ്റു പലർക്കും ചെയ്യാൻ കഴിയാത്തത്, ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്തു. ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നത്.’’–  രാജ് താക്കറെ വേദിയിൽ പറഞ്ഞു.

‘‘മറാഠിക്കു വേണ്ടി ഇവിടെയുള്ള എല്ലാവരും പാർട്ടി വ്യത്യാസം മറന്നു. ഒരു കാര്യം വ്യക്തമാണ്, ഞങ്ങൾ തമ്മിലുള്ള അകലം ഞങ്ങൾ ഇല്ലാതാക്കി. ഞങ്ങൾ ഒന്നിച്ചു, ഞങ്ങൾ ഒരുമിച്ച് നിൽക്കും. നിങ്ങൾക്ക് വിധാൻ ഭവനിൽ അധികാരമുണ്ടാകാം. ഞങ്ങൾക്ക് റോഡുകളിലും അധികാരമുണ്ട്. ഈ ത്രിഭാഷാ ഫോർമുല നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു? ഇതു കേന്ദ്ര സർക്കാരിൽ നിന്നു വന്നതാണ്. ഇന്ന്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ഇംഗ്ലിഷിലാണ്. അത് മറ്റൊരു സംസ്ഥാനത്തും ഇല്ല. എന്തുകൊണ്ട് മഹാരാഷ്ട്രയിൽ മാത്രം? മഹാരാഷ്ട്ര ഉണരുമ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണും.” – രാജ് താക്കറെ പറഞ്ഞു. മറാഠി ഭാഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാണിതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉദ്ധവ്– രാജ് സഖ്യ നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണു രാജ് താക്കറെ.

രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന സൂചന നൽകിയാണ് ഉദ്ധവ് താക്കറെ വേദിയിൽ പ്രസംഗിച്ചത്. ‘‘മുംബൈ ഞങ്ങളുടെ അവകാശമായിരുന്നു, ഞങ്ങൾ പോരാടി അത് നേടി. ബിജെപിയുടെ ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ആശയം നമ്മൾ തുറന്നുകാട്ടണം. പതുക്കെ, അവർ എല്ലാം ഒന്നാക്കാൻ ആഗ്രഹിക്കുന്നു. ഹിന്ദുവും ഹിന്ദുസ്ഥാനും ഞങ്ങൾ സമ്മതിക്കുന്നു. പക്ഷേ ഹിന്ദി ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ മറാഠി നിർബന്ധമാക്കി; ഞങ്ങൾക്ക് അത് ചെയ്യേണ്ടിവന്നു.’’– ഉദ്ധവ് താക്കറെ പറഞ്ഞു.

2005 – ലെ മാൽവൻ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജും ഉദ്ധവും അവസാനമായി ഒരുമിച്ച് പൊതുവേദി പങ്കിട്ടത്. ആ സമയത്ത്, ബാൽ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന ഒറ്റക്കെട്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടി വിട്ട മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ, രാജ് താക്കറെ ശിവസേന വിട്ടു. 2005 നവംബറിൽ ശിവാജി പാർക്കിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായും രാജ് താക്കറെ അറിയിച്ചു.
മകൻ ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയിൽ നിന്നു പടിയിറങ്ങുകയായിന്നു.

2006ൽ അദ്ദേഹം മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിച്ചെങ്കിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്കു ശക്തി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ, 2022ൽ ശിവസേന പിളർത്തി ഏക്നാഥ്
ഷിൻഡെ ബിജെപിയുമായി കൈകോർത്തതോടെ ഉദ്ധവിന്റെ ശക്തിയും കുറഞ്ഞു. തുടർന്നു നടന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടേണ്ടി വന്നതോടെ ഇതുവരെ ശത്രുവായി കരുതിയിരുന്ന രാജുമായി കൈകോർക്കാൻ ഒരവസരം അദ്ദേഹം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ഹിന്ദി അടിച്ചേൽപ്പിക്കൽ നടപടി കടന്നു വരുന്നത്. മറാഠിക്ക് വേണ്ടി ഒരുമിക്കാനും മഹാരാഷ്ട്ര പിടിക്കാനും ഇതിലും നല്ലൊരു അവസരം ഇല്ലെന്നും രണ്ടു പേരും ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞു കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...