(Photo Courtesy : BBC/X)
ഹെർമോസില്ലോ : മെക്സിക്കോയിലെ ഡിസ്കൗണ്ട് ഷോപ്പിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 23 പേർക്ക് ദാരുണാന്ത്യം. 10 ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ഹെർമോസില്ലോ നഗരത്തിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് ശൃംഖലയായ വാൾഡോസിന്റെ ഒരു ശാഖയിലാണ് ശനിയാഴ്ച തീപ്പിടിച്ചത്.
അപകടത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷിക്കുന്നെന്ന് സൊനോറ സംസ്ഥാന ഗവർണർ അൽഫോൻസോ ഡുറാസോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ഇരകളിൽ കുട്ടികളും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 15 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
മരണങ്ങളിൽ ഭൂരിഭാഗവും വിഷവാതകങ്ങൾ ശ്വസിച്ചാണ് സംഭവിച്ചതെന്ന് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സാലാസ് വ്യക്തമാക്കിയത്. ഫോറൻസിക് മെഡിക്കൽ സർവ്വീസിനെ ഉദ്ധരിച്ചാണ് അറ്റോർണി ജനറൽ ഗുസ്താവോ സാലാസ് ഇക്കാര്യം പറഞ്ഞത്.
ദുരന്തത്തിൽ മെക്സിക്കോ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അനുശോചനം രേഖപ്പെടുത്തി.
“ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു” പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇരകളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സഹായിക്കാൻ സപ്പോർട്ട് ടീമുകളെ അയയ്ക്കാൻ നിർദ്ദേശിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
