ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടന് (4:21:084) കന്നിക്കിരീടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചതിൻ്റെ ആവേശം കൂടിയുണ്ട് ഈ വിജയക്കുതിപ്പിന് പിന്നിൽ. വിബിസിയുടെ മൂന്നാം കിരീടമാണ്. രണ്ടാം സ്ഥാനം പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (4:21:782) നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപ്പാടം ചുണ്ടൻ (4:21:933) മൂന്നാം സ്ഥാനവും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4:22:035) നാലാം സ്ഥാനവും കരസ്ഥമാക്കി.

എന്നാൽ രണ്ടാമതെത്തിയ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനിലെ തുഴക്കാരെ സംബന്ധിച്ച് മറ്റു ബോട്ട് ക്ലബുകൾ പരാതി നൽകിയതിനാൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍ടിബിആർ ചെയർമാനാണ് പരാതി നല്‍കിയത്.
അനുവദനീയമായതിൽ അധികം ഇതരസംസ്ഥാനക്കാർ നടുഭാഗം ചുണ്ടനിൽ തുഴഞ്ഞു എന്നതാണ് ക്ലബിനെതിരായ പരാതി. ഇതു പരിശോധിച്ച ശേഷമായിരിക്കും രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ പ്രഖ്യാപിക്കുക.
9 വിഭാഗങ്ങളിലായി 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്‌സിൽ വീയപുരം വിബിസി ചുണ്ടൻ ഒന്നാമതെത്തി.
ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ജലോത്സവം ഉദ്ഘാടനം ചെയ്തത്. ഈ വർഷത്തെ നെഹ്റു ട്രോഫിക്ക് 10കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നെഹ്റു പവലിയന് 7 കോടി രൂപയും പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ ഫണ്ടിൽ നിന്നും 2 കോടി രുപയും ടൂറിസം വകുപ്പ് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം ആലപ്പുഴ ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സിംബാബ്‌വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി അതിഥിയായിരുന്നു.
