യോഴിക്കോട് : ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച നാടിന് സമര്‍പ്പിച്ചു. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കും മികച്ച ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്നതിനായി പൊതു ആരോഗ്യമേഖലയെ കൂടുതൽ ശാക്തീകരിക്കേണ്ടതുണ്ട് എന്ന ഉറച്ച ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൻ്റെ തെളിവാണ് ഫറോക്കിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ആശുപത്രി മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു നിലകളിലായി 47,806 ചതുരശ്രയടിയിൽ 103 കിടക്കകളോടു കൂടിയതാണ് പുതിയ ആശുപത്രി സമുച്ചയം. വിവിധ സ്‌പെഷ്യാലിറ്റി ഒ പി കൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ഓക്‌സിജൻ പ്ലാൻ്റ്, ട്രോമാ കെയർ യൂണിറ്റ്, നൂതന ലാബുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഇതിൽ ഉൾപ്പെടും.പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ മാലിന്യസംസ്‌ക്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റ്, ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഐ സി യു തുടങ്ങിയവ കഴിഞ്ഞ എൽഡിഎഫ് സർകാരിൻ്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്ന് 23.5 കോടി രൂപയാണ് പുതിയ കെട്ടിടത്തനായി ചെലവിട്ടത്. താഴത്തെ നിലയില്‍ ജനറേറ്റര്‍ റൂം, എയിഡ് പോസ്റ്റ്, ട്രയേജ്, വിവിധ ഒപികള്‍, ഇഞ്ചക്ഷന്‍, നെബുലൈസേഷന്‍ റൂം, മൈനര്‍ ഒടി, എക്‌സ്‌റേ, ഫാര്‍മസി സ്റ്റോര്‍, ഒപ്ടിയോമെട്രി റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, കാരുണ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍ എന്നിവയും ഒന്നാം നിലയില്‍ ആധുനിക ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, സെന്‍ട്രല്‍ ലബോറട്ടറികളായ മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി, ബ്ലഡ് സ്റ്റോറേജ്, വിവിധ ഒപികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ 45 കിടക്കകളുള്ള പുരുഷന്മാരുടെ വാര്‍ഡ്, നഴ്‌സിംഗ് സ്റ്റേഷന്‍, സ്റ്റോര്‍ റൂം, മൂന്നാമത്തെ നിലയില്‍ 45 കിടക്കകളുള്ള സ്ത്രീകളുടെ വാര്‍ഡ്, സ്റ്റോര്‍ റൂം, എന്നിവയും ഏറ്റവും മുകളിലെ നിലയില്‍ ഒഎച്ച് ഫയര്‍ ടാങ്ക്, ഫ്‌ളഷ് ടാങ്ക്, ഡൊമസ്റ്റിക് ടാങ്ക്, സോളാര്‍ പ്ലാന്റ് എന്നിവയുണ്ട്.
ആരോഗ്യ മന്ത്രി വീണാ ജോർജും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു