തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായതിൽ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഡോ. ഹാരിസ് HOD ആണ്. ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തും. ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകിയെന്നും മന്ത്രി വിമർശിച്ചു. ഇതൊരു പകവീട്ടലല്ല. ഡോ. ഹാരിസിനെ വെറുതെ വിടണം. ഉപകരണങ്ങൾ അവിടെയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കട്ടെ എന്നും വീണ ജോർജ് വ്യക്തമാക്കി.
20 ലക്ഷം രൂപയുടെ ഉപകരണം കാണാതായതായി റിപ്പോർട്ടിലുണ്ടെന്നും ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞിരുന്നു. എന്നാൽ, ഉപകരണം കാണാതായതല്ല. പരിചയക്കുറവു മൂലം മാറ്റിവെച്ചതാണെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും ഹാരിസ് ചിറക്കൽ പറഞ്ഞു. എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നുണ്ടെന്നും സമിതി എന്താണ് അന്വേഷിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണം കാണാതായതല്ല, പരിശീലനം കിട്ടാത്തതിനാൽ ഉപകരണം ഉപയോഗിക്കാത്തതെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
