കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകർന്നു വീണു. അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ ഒരു കുട്ടിയുൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഏറെ കാലപ്പഴക്കമുള്ള മൂന്ന് നില കെട്ടിടം നിലവിൽ ഉപയോഗത്തിലുള്ളതല്ല. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പോലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിയ നിഗമനം. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പോലീസും പരിശോധന തുടരുകയാണ്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് സംഭവ സ്ഥലം സമർശിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനക്ക് ശേഷം വിശദ വിവരങ്ങൾ പറയാമെന്ന് വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.