തിരുവനന്തപുരം : ഓണക്കാലത്തെ വരുമാനത്തിൽ ബെവ്കോയും സപ്ലൈക്കോയും നേടിയ ചരിത്രനേട്ടത്തിനൊപ്പം കെഎസ്ആര്‍ടിസിയും പങ്കാളിയായി. ടിക്കറ്റ് വരുമാനത്തില്‍ തിങ്കളാഴ്ച ഒറ്റ ദിവസം കൊണ്ട് കെഎസ്ആര്‍ടിസി നേടിയത് 10.19 കോടി രൂപ. ഒറ്റദിവസം ഇത്രയും കലക്‌ഷന്‍ ലഭിക്കുന്നത് ചരിത്രത്തിലാദ്യം!
ഓണാവധിക്ക് ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം വർദ്ധിക്കാന്‍ കാരണം. ഒപ്പം, കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തിയതും ഡിപ്പോകള്‍ക്കു ടാര്‍ഗറ്റ് നല്‍കിയതും വരുമാന വര്‍ദ്ധനയിൽ ചരിത്രം രചിക്കാനും ഇടയാക്കി.
ഓണക്കാലത്ത് 12 ദിവസത്തെ വിൽപ്പനയിൽ ബെവ്കോ നേടിയത് 920.74 കോടി രൂപ. കഴിഞ്ഞ വർഷം ഓണക്കാലത്ത് 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡിട്ടത്. 9.34 ശതമാനത്തിന്റെ വർദ്ധനവാണ് വിൽപ്പനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല.
ഓണക്കാലത്ത് 385 കോടി വിറ്റുവരവുമായാണ് സപ്ലൈകോ ചരിത്രത്തിൻ്റെ ഭാഗമായത്. 56.5 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഈ കാലയളവിൽ സപ്ലൈകോ വിൽപ്പന ശാലകൾ സന്ദർശിച്ചത്.
ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കാനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി വിലക്കയറ്റം പിടിച്ചു നിർത്താനും കഴിഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ ജനകീയ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതാണെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിരുന്നു.