പാലക്കാട്: യുവ നടിക്ക് അശ്ളീല സന്ദേശമയച്ചെന്നും സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചെന്നുമുള്ള വിവാദങ്ങളിൽ പെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെയ്ക്കേണ്ടി വന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ അപമാനിച്ചും കോൺഗ്രസ് നേതാവും പാലക്കാട് എംപിയുമായ വികെ ശ്രീകണ്ഠൻ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ യുവതിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വികെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി അർദ്ധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേയെന്നുമാണ് വികെ ശ്രീകണ്ഠൻ എംപിയുടെ ചോദ്യം.
ആരോപണമുയർത്തിയ പെൺകുട്ടികൾ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഒരു പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് രാജിവെക്കാനാവുമോ. രാഹുലിൻ്റെ ശബ്ദസന്ദേശമാണെന്ന് എങ്ങനെ അറിയും. മാധ്യമങ്ങൾ ഫോറൻസിക് വിദഗ്ധരാണോ. എഐ വീഡിയോ ഇറങ്ങുന്ന കാലമാണ്. പുറത്തുവരുന്ന കാര്യങ്ങൾ ഓരോരുത്തരുടേയും വെളിപ്പെടുത്തൽ മാത്രമാണ്. അവരുടെ ഗൂഢാലോചന, രാഷ്ട്രീയം എല്ലാം പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ. മൂന്നരവർഷം മുമ്പ് നടന്നുവെന്ന കാര്യത്തിന് ഇപ്പോഴെന്ത് കൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണം. ഇവരുടെയൊക്കെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം ഉന്നയിച്ചയാളുകൾ അർദ്ധവസ്ത്രം ധരിച്ചുനിൽക്കുന്നത് കാണുന്നില്ലേ. എന്താണ് ഇതിൻ്റെയൊക്കെ പിന്നിൽ. മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ചുനിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേ. ഇതിൻ്റെയൊക്കെ പിന്നിൽ ആരുണ്ട്, എന്തുണ്ട് എന്നെല്ലാം പുറത്തുവരണമെന്നും വികെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു.
രാഹുലിന്റെ രാജി പാർട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. രാജി പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ്. രാഹുൽ പറഞ്ഞത് തെറ്റാണ്. രാജി വെച്ചത് പാർട്ടി ആവിശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം വന്നയുടൻ പാർട്ടി നടപടി എടുത്തുവെന്നും ഇത്തരം ആരോപണങ്ങൾ ഉയർന്ന ആളുകളെ വ്യക്തിപരമായി പിന്തുണയ്ക്കാനാകില്ലെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.