തിരുവനന്തപുരം : കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുക എന്നതാണ് എൽഡിഎഫ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്ക്കാരം ഇന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പത്തുവർഷംമുൻപുള്ള യു.ഡി.എഫ്. സർക്കാരിന്‍റെ ഭരണത്തെ മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുന:ർനിർമ്മിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങി, ആരോഗ്യമേഖല വെൻ്റിലേറ്ററിലായതും ഇക്കാലത്താണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. എന്നാൽ, ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി. ഡൽഹിയിൽ ബി.ജെ.പി.യുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാനമായ കാഴ്ചയാണ് ഹരിയാണയിലും ബിഹാറിലും കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലമാണ്. എന്നാൽ, ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ശബരിമലയിൽ സര്‍ക്കാരിന്‍റേത് കൃത്യതയോടെയുള്ള നിലപാടാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പ്രചാരണ വിഷയമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. എസ് ഐടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യപ്രചരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
