ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എഎസ്)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നീതിമേള ഞായറാഴ്ച ദുബൈയിൽ നടക്കും. റാഷിദിയ പേസ് മോഡേൺ ബ്രിട്ടീഷ് സ്‌കൂളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് ആറുവരെയാണ് പരിപാടി. പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് മേളയിലൂടെ പരിഹാര നിർദ്ദേശങ്ങൾ ലഭ്യമാകും.
പ്രവാസി ഇന്ത്യക്കാരായ യുഎഇ നിവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചുപോയവർക്കും അവസരം പ്രയോജനപ്പെടുത്താം.മേളയിൽ പങ്കെടുക്കുന്നവർക്കായി റാഷിദിയ മെട്രോ സ്റ്റേഷനിൽനിന്ന് പേസ് സ്‌കൂളിലേക്ക് ബെല്ലോ സൗജന്യ ഷട്ടിൽ ബസ് സർവ്വീസ് ഒരുക്കിയിട്ടുണ്ട്. 0529432858 എന്ന വാട്‍സാപ് നമ്പറിലും neethimela@gmail.com എന്ന മെയിലിലും പരാതി സമർപ്പിക്കാം.
നാട്ടിലും യുഎഇയിലുമുള്ള അഭിഭാഷക സമിതി പരാതി പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി റിട്ട. ജസ്റ്റിസ് പി കെ ശംസുദ്ധീൻ, മുൻ അംബാസഡർ ടി പി ശ്രീനിവാസൻ എന്നിവർ രക്ഷാധികാരികളും മോഹൻ എസ് വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. പിൽസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് (ചീഫ് കോഓർഡിനേറ്റർ), അഡ്വ. അബ്‌ദുൾ അസീസ് (ചെയർമാൻ), അഡ്വ. അനിൽ കൊട്ടിയം (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷക പാനലും പ്രവർത്തിക്കുന്നു.