ഇംഫാൽ : ശനിയാഴ്ച മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023-ലെ കലാപത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്. രണ്ടുവർഷത്തിലേറെയായി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാതിരുന്നതിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്.
നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് സെപ്റ്റംബർ 13-ന് പ്രധാനമന്ത്രി എത്തുന്നതെന്ന് മണിപ്പൂർ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ അറിയിച്ചു. മോദി ആദ്യം മിസോറാമിൽ നിന്ന് ചുരാചന്ദ്പൂരിൽ എത്തുമെന്നും പിന്നീട് ഇംഫാലിലേക്ക് പോകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം സംസ്ഥാനത്ത് സമാധാനത്തിനും സാധാരണ നിലയ്ക്കും വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിൻ്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടുള്ള 7,300 കോടി രൂപയിലധികം വരുന്ന നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടൽ ചുരാചന്ദ്പൂരിൽ പ്രധാനമന്ത്രി നിർവ്വഹിക്കും. വംശീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇടമാണ് ചുരാചന്ദ്പൂർ. ഇതിന് ശേഷം ഇംഫാലിൽ1,200 കോടിയിലധികം രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മണിപ്പൂരിന് പുറമേ മിസോറാം, അസം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ശേഷം പശ്ചിമ ബംഗാളിലേക്ക് പോകുന്ന മോദി കൊൽക്കത്തയിൽ 16-ാമത് സംയുക്ത കമാൻഡർമാരുടെ കോൺഫറൻസ്-2025 ഉദ്ഘാടനം ചെയ്യും. തുടർന്ന് ബിഹാറിലെത്തുന്ന അദ്ദേഹം അവിടെ പൂർണ്ണിയ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ഉച്ചയ്ക്ക് 2:45ഓടെ ഉദ്ഘാടനം ചെയ്യും.